Banner Ads

തിരുവല്ലയിലെ തിരോധാനം: റീനയേയും കുഞ്ഞുങ്ങളെയും കണ്ടെത്താൻ കഴിഞ്ഞില്ല; അന്വേഷണം റെയിൽവേ സ്റ്റേഷനിൽ നിന്ന് വഴിമുട്ടി.

തിരുവല്ല:തിരുവല്ലയിൽ നിന്ന് റീനയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതായ സംഭവത്തിൽ ദുരൂഹത. കാണാതായ ഓഗസ്റ്റ് പതിനേഴാം തീയതി തൃശ്ശൂരിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. എന്നാൽ അവിടെ നിന്ന് എങ്ങോട്ട് പോയി എന്ന കാര്യത്തിന് വ്യക്തതയില്ല.

അതേസമയം റീനയുടെ ഭർത്താവ് ജീവനൊടുക്കിയതിൽ പൊലീസിനെതിരെ കുടുംബം ഉടൻ എസ്പിക്ക് പരാതി നൽകും. തിരോധാന കേസ് അന്വേഷണത്തിന്‍റെ പേരിൽ പൊലീസ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

പുളിക്കീഴ് പൊലീസും പ്രത്യേക അന്വേഷണ സംഘവും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷിന്‍റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ, മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നും അനീഷിനെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘം വിശദീകരിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് കവിയൂരിലെ സ്വന്തം വീട്ടിൽ അനീഷ് മാത്യുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 17 ആം തീയതി മുതലാണ് അനീഷിന്‍റെ ഭാര്യ റീനയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതാവുന്നത്. റീനയുടെ സഹോദരന്‍റെ പരാതിയിൽ കേസെടുത്ത പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നീട് പ്രത്യേക പൊലീസ് സംഘത്തെ എസ്പി നിയോഗിച്ചു.