Banner Ads

മീൻ പിടിക്കാനിറങ്ങിയതാകാം; നീന്തലറിയാത്ത ഇരട്ടക്കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട് : പാലക്കാട് ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരങ്ങളെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമൻ (14), ലക്ഷ്മണൻ (14)എന്നിവരാണ് മരിച്ചത്. ചിറ്റൂർ ബോയ്സ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരെയും ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടിൽ നിന്ന് കാണാതായത്.

പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്. ചിറ്റൂർ ശിവൻകോവിലിന് സമീപമുള്ള കുളത്തിൽ നിന്നാണ് ആദ്യം ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൂത്ത സഹോദരനായ രാമന്റെ മൃതദേഹവും കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

രാമന്റെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ കണ്ടെത്തിയിരുന്നു. ഇരുവർക്കും നീന്തലറിയില്ല. കുളിക്കാനല്ല, മീൻ പിടിക്കാനിറങ്ങിയതായിരിക്കും എന്നാണ് പൊലീസിന്റെ സംശയം. അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയത്.