കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞുകൊണ്ടുള്ള റാപ്പർ വേടന്റെ (ഹിരണ്‍ദാസ് മുരളി) പാട്ടുകള്‍ക്ക് വലിയൊരു ആരാധക നിരയാണുള്ളത്.പ്രധാനമായും സംഘപരിവാർ അനുകൂലികളില്‍ നിന്നായിരുന്നു വേടന് വിമർശനം നേരിടേണ്ടി വന്നത്.കേരളത്തിലെ സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി), തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞുകൊണ്ട് വലിയൊരു ആരാധകവൃന്ദത്തെയാണ് നേടിയെടുത്തത്. എന്നാൽ സമീപകാലത്ത് ചില വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു വിഭാഗം അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമായും സംഘപരിവാർ അനുകൂലികളിൽ നിന്നാണ് വേടന് വിമർശനം നേരിടേണ്ടി വന്നത്. എന്നാൽ ഈ വിമർശനങ്ങളൊന്നും കാര്യമാക്കാതെ, തന്റെ രാഷ്ട്രീയം പാടിയും പറഞ്ഞും മുന്നോട്ട് പോകുമെന്ന നിലപാടിലാണ് വേടൻ.
ഇതിനിടയിലാണ്, റാപ്പർ വേടനെതിരെ കടുത്ത വിമർശനവുമായി സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ രംഗത്ത് വന്നത്. ‘നാഷൻ ഫസ്റ്റ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം വേടന്റെ നിലപാടുകളെയും പൊതുപ്രവർത്തനങ്ങളെയും ചോദ്യം ചെയ്തത്.
അഖിൽ മാരാരുടെ വിമർശനം പ്രധാനമായും സി.പി.എമ്മിന്റെ ദളിത് വിരുദ്ധത ആരോപിക്കുന്നതിനിടയിലായിരുന്നു. സി.പി.എം. ഇന്നുവരെ ഏതെങ്കിലും ഒരു ജനറൽ സീറ്റിൽ ദളിതനെ നിർത്തി മത്സരിപ്പിച്ചിട്ടുണ്ടോ എന്ന് അഖിൽ മാരാർ ചോദിക്കുന്നു. “ജനറൽ സീറ്റിൽ മത്സരിപ്പിക്കുമ്പോഴല്ലേ അവർ ഉന്നതിയിലേക്ക് വരുന്നത്? കെ. രാധാകൃഷ്ണനെ നിർത്തിയത് പോലും സംവരണ മണ്ഡലത്തിലാണ്. സംവരണ സീറ്റിൽ ദളിതനെ നിർത്തുന്നത് ഇവരുടെ മിടുക്കാണോ? അത് ഭരണഘടന കൊടുത്ത അവകാശമാണ്,” അഖിൽ മാരാർ ചൂണ്ടിക്കാട്ടി.
അഖിൽ മാരാരുടെ വിമർശനം വേടന്റെ സാമൂഹിക ഇടപെടലുകളിലേക്ക് കൂടി നീണ്ടു. “രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് മാരക രോഗമാണ്. ദയനീയമായ രൂപം കാണുന്ന കാഴ്ചയിൽ തന്നെ കരളലിയുന്ന ഒരു കുട്ടിയെ എടുത്ത് വെച്ചിട്ട് ഇവനെ സഹായിക്കണമെന്ന് പറയുന്നു. ആ കുട്ടിയുടെ ചികിത്സക്കായി ഒരു 50 ലക്ഷം രൂപ വരുമ്പോൾ ഒരു പത്ത് ലക്ഷം രൂപ ഞാൻ കമ്മീഷനായി എടുക്കുന്നത് ആ കുട്ടിയുടെ രോഗത്തെ ഞാൻ വിറ്റ് എനിക്ക് റീച്ചും കാശും ഉണ്ടാക്കുന്ന പണിയാണ്, അല്ലാതെ നന്മയല്ല,” മാരാർ പറഞ്ഞു. “അതുപോലെ ദളിതന്റെ അവസ്ഥ വിറ്റ് കാശാക്കുന്ന വേടൻ എന്ത് അടിസ്ഥാനത്തിലാണ് ദളിതന് വേണ്ടി സംസാരിച്ചു എന്ന് പറയുന്നത്? ഏത് സാഹചര്യത്തിൽ, ഏത് പോയിന്റിലാണ് വേടൻ ദളിതന് വേണ്ടി സംസാരിച്ചത്?” അദ്ദേഹം ചോദിച്ചു.
കലാഭവൻ മണി ‘ഉമ്പായി കുച്ചാണ്ട് പാണൻ കത്തണമാ..’ എന്ന് എഴുതിയത് അയാളുടെ സ്വന്തം അവസ്ഥയാണ്, സ്വന്തം അനുഭവങ്ങളാണ്. അല്ലാതെ മറ്റ് ലോകരാജ്യങ്ങളിലെയും നമ്മുടെ നാട്ടിലെയും അവസ്ഥകൾ എഴുതുമ്പോൾ മറ്റവന്റെ ദയനീയത വിറ്റ് ലക്ഷക്കണക്കിന് രൂപയാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി.
താൻ സാമൂഹിക ഇടപെടലുകൾ നടത്തുന്നത് ആരെയും അറിയിക്കാതെയാണെന്നും, ആശാ വർക്കർമാരുടെ സമരവേദിയിൽ പോയി അവർക്ക് പിന്തുണ നൽകി, മാധ്യമങ്ങളോടും സർക്കാരിനോടും സംസാരിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി.