
നവരാത്രി ആഘോഷങ്ങൾക്ക് വിരാമമിട്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിൻ്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കുന്നത്.സംസ്ഥാനത്തെ പ്രധാന ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.
കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക, മലപ്പുറം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിലെല്ലാം കുട്ടികളെ എഴുത്തിനിരുത്തുന്ന തിരക്കാണ്.അതേസമയം, കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മലയാളി ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പുലർച്ചെ മുതൽ തന്നെ വിദ്യാരംഭത്തിനായി ആളുകൾ എത്തിച്ചേർന്നിട്ടുണ്ട്. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. 20-ൽ അധികം ഗുരുക്കന്മാരാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നത്.