Banner Ads

ചരിത്രം കുറിച്ച്‌ രാജ്യത്തെ ഏറ്റവും ഭീമമായ ഇൻഷുറൻസ് ക്ലെയിം; ലഭിക്കുന്നത് ഇത്തരത്തിൽ

അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാന ദുരന്തം ഇന്ത്യയുടെ വ്യോമയാന ഇൻഷുറൻസ് ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടമായി മാറിയേക്കും. ഏകദേശം 4,000 കോടി രൂപയിലധികം ഇൻഷുറൻസ് പരിരക്ഷയായി നൽകേണ്ടി വരുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇത്രയും വലിയൊരു ബാധ്യത ഇന്ത്യൻ വ്യോമയാന ഇൻഷുറൻസ് മേഖലയ്ക്ക് ഇത് ആദ്യമായിരിക്കും.

വിമാനത്തിന്റെ പൂർണ്ണമായ നഷ്ടം, മരിച്ച യാത്രക്കാരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരം, വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായ നാശനഷ്ടങ്ങൾ (തേർഡ് പാർട്ടി ക്ലെയിമുകൾ) എന്നിവ ഉൾപ്പെടെ വിവിധ തലങ്ങളിലായാണ് ഇൻഷുറൻസ് അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാൽ, ഇൻഷുറൻസ് തുക ഇനിയും കൂടാൻ സാധ്യതയുണ്ട്.

വിമാനങ്ങളുടെ ഇൻഷുറൻസ് പോളിസികളിൽ പ്രധാനമായും മൂന്ന് തരം പരിരക്ഷകളാണുള്ളത്: ആദ്യത്തേത് ഹൾ കവറേജ് , അപകടം കാരണം വിമാനത്തിനുണ്ടാകുന്ന യന്ത്രത്തകരാറുകൾ ഉൾപ്പെടെയുള്ള നഷ്ടങ്ങൾക്ക് ഇത് പരിരക്ഷ നൽകുന്നു.
മറ്റൊന്ന് ലയബിലിറ്റി ഇൻഷുറൻസ്: യാത്രക്കാർക്കുണ്ടാകുന്ന ജീവഹാനി, മറ്റ് നഷ്ടങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത് . അതുപോലെ തേർഡ് പാർട്ടി: വിമാനം തകർന്നുവീഴുന്നതുമൂലം പുറത്തുള്ള വ്യക്തികൾക്കോ വസ്തുവകകൾക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള പരിരക്ഷയാണിത്.

അതുകൊണ്ട് അഹമ്മദാബാദ് അപകടത്തിൽ, എയർ ഇന്ത്യക്ക് ‘ഹൾ കവറേജി’ലൂടെ ഏകദേശം 700 കോടി മുതൽ 1,200 കോടി രൂപ വരെ ലഭിക്കും. വിമാനത്തിന്റെ പഴക്കം, ഉപയോഗരീതി തുടങ്ങിയ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ഈ തുക നിശ്ചയിക്കുന്നത്. യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുക ഓരോ വ്യക്തിയുടെയും സാമ്പത്തിക നിലയും സാമൂഹിക പശ്ചാത്തലവും അനുസരിച്ച് വ്യത്യാസപ്പെടാം. 1999-ലെ മോൺട്രിയൽ കൺവെൻഷൻ അനുസരിച്ച്, അപകടത്തിൽപ്പെട്ട ഓരോ വിമാന യാത്രക്കാരനും ഏകദേശം 1.47 കോടി രൂപ അടിസ്ഥാന പരിരക്ഷയായി ലഭിക്കും.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇൻഷുറൻസ് തുക ലഭിക്കാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. എന്നാൽ, വിമാനക്കമ്പനിക്കുള്ള ഇൻഷുറൻസ് നേരത്തെ ലഭിക്കാൻ സാധ്യതയുണ്ട്. മരണപ്പെട്ടവരുടെ എണ്ണം കൂടുതലായതിനാൽ ഓരോ ക്ലെയിമുകളും പ്രത്യേകം പരിഗണിക്കേണ്ടി വരും. ബജാജ് അലയൻസ് ഉൾപ്പെടെയുള്ള ഇൻഷുറൻസ് കമ്പനികൾ മരിച്ചവരുടെ ക്ലെയിമുകൾ വേഗത്തിൽ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

LIC, HDFC ലൈഫ് തുടങ്ങിയ കമ്പനികളും മരണ സർട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കിൽ പോലും മറ്റ് സർക്കാർ രേഖകൾ സ്വീകരിച്ച് ക്ലെയിം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഇത്തരം വലിയ അപകടങ്ങൾ ഭാവിയിൽ വ്യോമയാന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ കാരണമായേക്കും. കൂടാതെ, ക്ലെയിമുകൾക്ക് കൂടുതൽ കർശനമായ നിബന്ധനകൾ കൊണ്ടുവരാനും സാധ്യതയുണ്ട്. വിമാനാപകടങ്ങൾ കൂടുതലുണ്ടാകുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു.

എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങൾക്കുമുള്ള ഇൻഷുറൻസ് പരിരക്ഷ ഏകദേശം 2,000 കോടി ഡോളറാണ് അതായത് ഏകദേശം 1.6 ലക്ഷം കോടി രൂപ. വിസ്താരയുമായുള്ള ലയനത്തിന് ശേഷമാണ് എയർ ഇന്ത്യ ഇത്രയും ഉയർന്ന തുകയ്ക്ക് ഇൻഷുറൻസ് എടുത്തത്. ഇതിന്റെ വാർഷിക പ്രീമിയം 246 കോടി രൂപയാണ്. . എയർ ഇന്ത്യയ്ക്ക് മുൻപ് പല അപകടങ്ങളും ഉണ്ടായിട്ടുള്ളതിനാൽ, കോടതിയിൽ കമ്പനിയുടെ മുൻകാല ചരിത്രം ചർച്ചയാകാനും മോശം സേവനത്തിന്റെ പേരിൽ കൂടുതൽ നഷ്ടപരിഹാരം നൽകാനും ഉത്തരവുണ്ടാകുമോയെന്നും ഇൻഷുറൻസ് കമ്പനികൾ ആശങ്കപ്പെടുന്നുണ്ട്.

2020 ഓഗസ്റ്റിൽ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമായി 185 കോടി രൂപയുടെ ഇൻഷുറൻസാണ് ലഭിച്ചത്. 21 പേരാണ് അന്ന് മരിച്ചത്.നാല് വയസ്സുകാരിക്ക് കേരള ഹൈക്കോടതി മുഖേന 4 കോടി രൂപയും ലഭിച്ചിരുന്നു. അപകടം നടന്നയുടൻ എയർ ഇന്ത്യ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഇൻഷുറൻസ് തുകയിൽ നിന്ന് പിന്നീട് കുറച്ചതായി കരിപ്പൂർ വിമാനാപകട ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു. മംഗലാപുരത്ത് 2010-ലുണ്ടായ വിമാന ദുരന്തത്തിന്റെ ഇൻഷുറൻസ് തുക ലഭിക്കാൻ ഇപ്പോഴും നിയമപോരാട്ടം നടത്തുന്നവരുണ്ടെന്നതും ശ്രദ്ധേയമാണ്.

അതേസമയംഅഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ ഡ്രീംലൈനറിന്റെ പൈലറ്റ് ക്യാപ്റ്റൻ സുമീത് സഭർവാളിന്റെയും സഹപൈലറ്റിന്റെയും അവസാന വാക്കുകൾ “മെയ്‌ഡേ, മെയ്‌ഡേ” എന്നായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് . വിമാനം പറന്നുയർന്ന് ഏതാനും സെക്കൻഡുകൾക്കുള്ളിൽ 650 അടി ഉയരത്തിലെത്തിയ ശേഷം താഴേക്ക് വരാൻ തുടങ്ങിയപ്പോഴാണ് അടിയന്തര സന്ദേശം നൽകിയത്. വിമാനം ഉയർത്താൻ കഴിയാത്തതിനെ തുടർന്നാണ് ഈ അടിയന്തര സന്ദേശം അയച്ചതെന്നും, എയർ ട്രാഫിക് കൺട്രോൾ (ATC) തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും വ്യോമയാന മന്ത്രാലയം സെക്രട്ടറി എസ്.കെ. സിൻഹ അറിയിച്ചിരുന്നു .

വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ മുൻകൂട്ടി പരിശോധിച്ചില്ലെന്ന ആക്ഷേപം മന്ത്രാലയം തള്ളി. അപകടത്തിന് മുൻപ് ഇതേ വിമാനം പാരിസ്-ഡൽഹി-അഹമ്മദാബാദ് റൂട്ടിൽ വിജയകരമായി പറന്നതാണെന്നും അവർ വാദിക്കുന്നു.
അതുപോലെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ ഡീകോഡ് ചെയ്യുന്നതിലൂടെയാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുക.

എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ഉന്നതതല സമിതിക്ക് മൂന്നു മാസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
വിവിധ ഏജൻസികളും ഉന്നതതല സമിതികളും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ വ്യോമയാന മേഖലയിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അഹമ്മദാബാദ് അപകടത്തിന് പിന്നാലെ, ബോയിംഗ് 787 സീരീസിലുള്ള വിമാനങ്ങളിൽ കൂടുതൽ നിരീക്ഷണം നടത്താൻ DGCA ഉത്തരവിട്ടിട്ടുണ്ട്. എട്ട് വിമാനങ്ങൾ ഇതിനകം പരിശോധിച്ചെന്നും ഉടൻതന്നെ എല്ലാ പരിശോധനകളും പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അപകടസ്ഥലത്ത് താൻ നേരിട്ടെത്തിയെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ സംവിധാനങ്ങളും പരമാവധി സഹായം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.