
മലപ്പുറം : തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്തിന് സമീപം തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിച്ച നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ചമ്രവട്ടം സ്വദേശിയായ സുരേഷിനാണ് (45) നായയുടെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസ്സുകാരിയെ തെരുവുനായ ആക്രമിക്കാൻ ഒരുങ്ങുന്നത് കണ്ടാണ് സുരേഷ് ഇടപെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നായ സുരേഷിന് നേരെ തിരിയുകയായിരുന്നു.
നായയിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ സുരേഷ് സമീപത്തെ ഓടയിലേക്ക് വീണു. ഓടയിൽ വീണ സുരേഷിനെ നായ വിടാതെ ഉപദ്രവിക്കുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലായി 15ഓളം ഇടങ്ങളിൽ മാരകമായി കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി നായയെ തുരത്താൻ ശ്രമിച്ചെങ്കിലും ഏറെ നേരത്തേക്ക് നായ സുരേഷിന്റെ കൈവിടുവിക്കാൻ തയ്യാറായില്ല. പിന്നീട് ഏറെ പ്രയാസപ്പെട്ടാണ് സുരേഷിനെ രക്ഷപ്പെടുത്തിയത്.