
തിരുവനന്തപുരം:വിഴിഞ്ഞത്ത് തെരുവ് നായ ആക്രമണം രൂക്ഷം. മുക്കോല നെല്ലിക്കുന്ന് പനവിളക്കോട് ഭാഗങ്ങളിലായി ഇന്നലെ ഉച്ചയോടെ തെരുവ് നായയുടെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. ആക്രമകാരിയായ തെരുവു നായ വീട്ടിലെ നിരവധി കോഴികളെ കടിച്ചു കൊന്നു. ആടുകൾ, വളർത്തു നായ്ക്കൾ എന്നിവയ്ക്കും കടിയേറ്റു.
വീട്ടുകാർ കടിയേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശവാസിയായ രതീഷിന്‍റെ വീട്ടിലെ 12 കോഴികൾ നായയുടെ കടിയേറ്റു ചത്തതായാണ് വിവരം.പേ ബാധിച്ച നായയാണ് ആക്രമിച്ചതെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ആക്രമിച്ച നായയെ കണ്ടെത്തിയില്ല. കറവയുള്ള ഏഴ് ആടുകളെയും സമീപ വീടുകളിലെ വളർത്തു നായ്ക്കളേയും കടിച്ചു.
നായയെ കണ്ട് വിരട്ടിയോടിക്കാൻ ശ്രമിച്ചപ്പോൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചതായും രതീഷ് പറഞ്ഞു. നായയുടെ കടിയേറ്റ ആടുകൾക്കും വളർത്ത് നായകൾക്കും കുത്തിവയ്പ് എടുത്തു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.