ഇന്ത്യൻ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) അയയ്ക്കുന്ന ആക്‌സിയം-4 (Ax-4) ദൗത്യം വീണ്ടും നീട്ടിയിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് ഈ ദൗത്യം പല കാരണങ്ങളാൽ മാറ്റിവെക്കുന്നത്. ഏറ്റവും ഒടുവിൽ, വിക്ഷേപണ മേഖലയിലെ മോശം കാലാവസ്ഥയാണ് എഎക്‌സ്-4 ദൗത്യം മാറ്റിവെക്കാൻ കാരണമായത്. ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങളിലെ ഒരു നിർണായക നാഴികക്കല്ലാണ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) കഴിഞ്ഞ ദിവസമാണ് വിക്ഷേപണം മാറ്റിവച്ചതായി അറിയിച്ചത്. വിക്ഷേപണ മേഖലയിൽ, അതായത് അസെൻറ് കോറിഡോറിൽ, ശക്തമായ കാറ്റ് അനുഭവപ്പെടുന്നതാണ് വിക്ഷേപണം നീട്ടാൻ കാരണമെന്ന് സ്പേസ് എക്സും വിശദീകരിച്ചു. , 2025 ജൂൺ 11-ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ അനുകൂലമായ കാലാവസ്ഥയാണെങ്കിൽ ആക്‌സിയം-4 ദൗത്യം വിക്ഷേപിക്കും. മുൻപ് മെയ് 29-ന് വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്ന ഈ ദൗത്യം, പിന്നീട് ജൂൺ 8-ലേക്കും, തുടർന്ന് സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ജൂൺ 10-ലേക്കും മാറ്റിയിരുന്നു.
അവിടെ നിന്നാണ് ഇപ്പോൾ ഒരു ദിവസം കൂടി നീട്ടി ജൂൺ 11-ലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യ, യുഎസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ ഉൾക്കൊള്ളുന്ന ഒരു അന്താരാഷ്ട്ര ദൗത്യമാണിത്. ആക്‌സിയം സ്പേസ്, നാസ (NASA), സ്പേസ് എക്സ് (SpaceX), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ എന്നിവയുടെയെല്ലാം കൂട്ടായ സഹകരണത്തിലാണ് ഈ ദൗത്യം നടക്കുന്നത്. ഭാവിയിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾക്കും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള പദ്ധതികൾക്കും ഈ ദൗത്യം വലിയ സഹായം നൽകും.
ഇന്ത്യൻ വ്യോമസേന പൈലറ്റും ഇസ്രോ ബഹിരാകാശയാത്രികനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഈ മിഷന്റെ പൈലറ്റായി സേവനമനുഷ്ഠിക്കും. മിഷൻ കമാൻഡറായി മുൻ നാസ ബഹിരാകാശയാത്രികയായ പെഗ്ഗി വിറ്റ്സൺ നേതൃത്വം നൽകും. കൂടാതെ, ഹംഗറിയിൽ നിന്നും പോളണ്ടിൽ നിന്നുമുള്ള സ്പെഷ്യലിസ്റ്റുകളും ഈ സംഘത്തിലുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ പ്രോജക്റ്റ് ബഹിരാകാശയാത്രികനായ സ്ലാവോസ് ഉസ്‌നാൻസ്‌കി 1978 ന് ശേഷമുള്ള രണ്ടാമത്തെ പോളിഷ് ബഹിരാകാശ യാത്രികനാകും. 1980 ന് ശേഷമുള്ള രണ്ടാമത്തെ ദേശീയ ഹംഗേറിയൻ ബഹിരാകാശ യാത്രികയായിരിക്കും ടിബോർ കപു.
ISRO ചെയർമാൻ ഡോ. വി നാരായണൻ ഉൾപ്പെടെയുള്ളവർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗും എക്സിലെ ഒരു പോസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെച്ചിരുന്നു . ആക്‌സ്-4 ദൗത്യം വിജയകരമാവുകയാണെങ്കിൽ, ബഹിരാകാശയാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 14 ദിവസം വരെ ചെലവഴിക്കും. ഈ ദിവസങ്ങളിൽ അവർ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ഈ പരീക്ഷണങ്ങളിൽ പലതും ഇന്ത്യൻ ഗവേഷകരാണ് രൂപകൽപ്പന ചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രധാനമായും, കുറഞ്ഞ ഗുരുത്വാകർഷണ നിലയിലുള്ള (മൈക്രോഗ്രാവിറ്റി) പഠനങ്ങൾ, ജീവശാസ്ത്രപരമായ പഠനങ്ങൾ (ലൈഫ് സയൻസസ്), വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങൾ (മെറ്റീരിയൽ സയൻസസ്) എന്നിവയിലാണ് ഈ പരീക്ഷണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബഹിരാകാശത്ത് മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ, പുതിയ മരുന്നുകളുടെ കണ്ടെത്തൽ, നൂതന വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഈ പരീക്ഷണങ്ങൾ നിർണായക വിവരങ്ങൾ നൽകും.
അതേസമയം ഈ ദൗത്യം വിജയകരമാവുകയാണെങ്കിൽ, 1984-ൽ രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയിലെ രണ്ടാമത്തെ ദേശീയ ബഹിരാകാശ യാത്രികനാകും ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണിത്.ഇന്ത്യൻ വംശജരായ നിരവധി പേർ ബഹിരാകാശത്ത് എത്തിയിട്ടുണ്ടെങ്കിലും, അവരിൽ ലോകം ഏറെ ശ്രദ്ധിച്ച വ്യക്തിയാണ് സുനിതാ വില്യംസ്. ഇന്ത്യൻ വംശജയാണെങ്കിലും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഭാഗമായാണ് സുനിത ബഹിരാകാശ യാത്രകൾ നടത്തിയത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ നേരം നടന്ന സ്ത്രീ എന്ന റെക്കോർഡ് ഉൾപ്പെടെ നിരവധി ബഹിരാകാശ റെക്കോർഡുകൾക്ക് സുനിത ഉടമയാണ്.
2006-ൽ തുടങ്ങിയ അവരുടെ ആദ്യ ബഹിരാകാശ യാത്രയിൽ 195 ദിവസം അവർ ബഹിരാകാശത്ത് ചിലവഴിച്ചു. പിന്നീട് 2012-ലും അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തു. ആകെ 322 ദിവസത്തിലധികം അവർ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.രാകേഷ് ശർമ്മയുടെയും സുനിതാ വില്യംസിന്റെയും യാത്രകൾ ഇന്ത്യൻ യുവതലമുറയ്ക്ക് ബഹിരാകാശ ഗവേഷണത്തിൽ വലിയ പ്രചോദനം നൽകി. ഇപ്പോൾ ശുഭാൻഷു ശുക്ലയുടെ ദൗത്യം, ഇന്ത്യയുടെ ബഹിരാകാശ യാത്രകളിൽ പുതിയ പ്രതീക്ഷകൾ നൽകുന്നു. ഇത് ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങളുടെയും അന്താരാഷ്ട്ര സഹകരണങ്ങളുടെയും ഒരു പ്രതീകം കൂടിയാണ്.
ബഹിരാകാശ ദൗത്യങ്ങൾ കേവലം ശാസ്ത്രീയ പരീക്ഷണങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. അവ പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിനും, കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനും, പ്രകൃതി വിഭവങ്ങൾ കണ്ടെത്തുന്നതിനും, ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്. വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നത്, വലിയ വെല്ലുവിളികൾ നേരിടുന്നതിനും വിഭവങ്ങൾ പങ്കിടുന്നതിനും സഹായിക്കുന്നു. ആക്‌സിയം-4 ദൗത്യം വിജയകരമാവുകയാണെങ്കിൽ, ഇത് ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഗഗൻയാൻ പദ്ധതിക്ക് വലിയ ആക്കം കൂട്ടും. ഭാവിയിൽ കൂടുതൽ ഇന്ത്യൻ ബഹിരാകാശയാത്രികർക്ക് ബഹിരാകാശത്തേക്ക് പോകാൻ ഇത് വഴിയൊരുക്കും.
ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ ദൗത്യം സഹായകമാകും. ഈ സംഭവവികാസങ്ങളെല്ലാം ആഗോള ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കിനെയാണ് സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ബഹിരാകാശ രംഗത്ത് ഇന്ത്യ കൂടുതൽ വലിയ മുന്നേറ്റങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയംഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 256 ദിവസം അപ്രതീക്ഷിതമായി കഴിഞ്ഞ ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിതാ വില്യംസും ബുച്ച് വിൽമോറും ഇപ്പോഴും ഗുരുത്വാകർഷണവുമായി പൊരുതുകയാണ്. തിരിച്ച് വന്ന് പത്താഴ്ച കഴിഞ്ഞിട്ടും തങ്ങളുടെ ശരീരം ഇപ്പോഴും ബഹിരാകാശത്ത് ഒഴുകി നടക്കുന്നതുപോലെ തോന്നുന്നുണ്ടെന്നാണ് അവർ പറയുന്നത് .
കുറഞ്ഞ ഗുരുത്വാകർഷണത്തിൽ (മൈക്രോഗ്രാവിറ്റി) കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ ഇവർക്ക് ഇപ്പോഴും മാറിയിട്ടില്ല. ബഹിരാകാശത്തേക്ക് പോകുന്നതിന് മുൻപുണ്ടായിരുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ അവിടെ പോയപ്പോൾ മാറിയിരുന്നു. എന്നാൽ, ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ ആ പ്രശ്നങ്ങൾ വീണ്ടും തിരിച്ച് വന്നെന്നും അവർ വെളിപ്പെടുത്തി. ഇത് ബഹിരാകാശ യാത്ര മനുഷ്യശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ എത്ര വലുതാണെന്ന് കാണിക്കുന്നു. കഴിഞ്ഞ ജൂണിൽ, ബോയിങ്ങിന്റെ സ്റ്റാർലൈനർ ക്യാപ്സ്യൂളിൽ വെറും എട്ട് ദിവസത്തെ യാത്രയ്ക്കാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് പോയത്.
പക്ഷേ, പോയ ഉടൻ തന്നെ സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ചയും എഞ്ചിൻ തകരാറുകളും കണ്ടെത്തി. ഇത് അവരുടെ മടക്കയാത്ര തടസ്സപ്പെടുത്തി. അങ്ങനെ അവർക്ക് 256 ദിവസം, അതായത് ഏകദേശം ഒമ്പത് മാസം, ബഹിരാകാശത്ത് കുടുങ്ങിക്കിടക്കേണ്ടി വന്നു. തുടക്കത്തിൽ നാസ പറഞ്ഞത്, 2025-ൽ എലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ അവരെ തിരിച്ച് കൊണ്ടുവരുമെന്നാണ്. എന്നാൽ, പിന്നീട് ചില മാറ്റങ്ങൾ വന്നു. 2024 സെപ്റ്റംബറിൽ യാത്രികരില്ലാതെ സ്റ്റാർലൈനർ ഭൂമിയിലേക്ക് തിരിച്ചുവിട്ടു. ബഹിരാകാശ നിലയത്തിൽ മറ്റ് പേടകങ്ങൾക്ക് വരാൻ സ്ഥലം കിട്ടാനായിരുന്നു ഇത്.