
കൊച്ചി : കുട്ടികളിലെ മൊബൈൽ, ഇന്റർനെറ്റ് അഡിക്ഷൻ നിയന്ത്രിക്കുന്നതിനായി കേരള പോലീസ് സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ് (D-DAD – Digital De-Addiction). കൗൺസിലിങ്ങിലൂടെ കുട്ടികളെ ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിലെ വിവിധ ജില്ലകളിലായി ആറ് ഡി-ഡാഡ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, അമിത ദേഷ്യം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ ഡിജിറ്റൽ അഡിക്ഷന്റെ ലക്ഷണങ്ങളാണ്.
കൂടാതെ അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ഡി-ഡാഡ് വഴി പരിഹാരം കണ്ടെത്താനാകും. മനഃശാസ്ത്ര വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നൽകുന്നു.
ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രക്ഷിതാക്കൾ, അദ്ധ്യാപകർ, വിവിധ സംഘടനകൾ എന്നിവർക്ക് ഡിജിറ്റൽ അഡിക്ഷനെക്കുറിച്ച് അവബോധവും നൽകുന്നു. 9497900200 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഡി-ഡാഡ് സേവനം തേടാവുന്നതാണ്. ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.