Banner Ads

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; ആദ്യ അലോട്ട്മെന്റിൽ തന്നെ അധിക ബാച്ചുകൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

മലപ്പുറം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഒരുങ്ങുന്നതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളിൽ വലിയ തോതിൽ കുറവുണ്ടെന്നത് യാഥാർത്ഥ്യമാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമം നേരിടുന്നത്. ആദ്യ അലോട്ട്മെന്റിൽ തന്നെ അഡീഷണൽ ബാച്ചുകൾ ഉൾപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. സർക്കാരിന്റെ മുന്നിൽ വളരെ കുറഞ്ഞ സമയം മാത്രമാണുള്ളത്.

നടപടികൾ പൂർത്തിയാക്കാൻ ചെറിയൊരു സാവകാശം കൂടി ആവശ്യമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് പോംവഴി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. ഒരു വിദ്യാഭ്യാസ ജില്ലാ പരിധിയിൽ എസ്എസ്എൽസി പാസാകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അതേ ജില്ലയിൽ തന്നെ പ്ലസ് വൺ സീറ്റുകൾ ലഭിക്കണം. ഇതിനായി ഡിഇഒ അടിസ്ഥാനത്തിൽ സീറ്റുകൾ പുനഃക്രമീകരിക്കാൻ ശ്രമിക്കും. പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാർ കരാറിൽ ഒപ്പിട്ടു. . അതിന് ശേഷം നടപടി നിർത്തിവെക്കാൻ കത്തയച്ചു.

നടപടികൾ നിർത്തിവെക്കാൻ കത്തയച്ചതിനിടയിലും കേന്ദ്രം ചില ഫണ്ടുകൾ അനുവദിക്കുകയും സംസ്ഥാനം അത് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട ഒരു കരാർ ഇനി എങ്ങനെ നിയമപരമായി പിൻവലിക്കാൻ കഴിയും എന്നതിൽ വ്യക്തത വരണമെങ്കിൽ നിയമവശങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി എൻ ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.