
ദില്ലി:കൂട്ടുകാരിക്കൊപ്പം ഭക്ഷണം വാങ്ങാനായി എത്തിയ 15കാരിയെ വെടിവച്ച് കൊലപ്പെടുത്തി.15കാരിയുടെ ആൺ സുഹൃത്തായ 20 കാരനാണ് വെടിയുതിർത്തത്. തിരക്കേറിയ മാർക്കറ്റിൽ നിരവധിപ്പേർ നോക്കി നിൽക്കെയായിരുന്നു കൊലപാതകം. ദില്ലി ജഹാംഗിർപുരിയിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. യുവാവ് നാല് റൗണ്ടാണ് പെൺകുട്ടിക്ക് നേരെ വെടിവച്ചത്.സുംഭൂൽ എന്ന 15കാരിയാണ് തിരക്കേറിയ മാർക്കറ്റിൽ ആൺ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.10ഓടെയായിരുന്നു വെടിവയ്പ് നടന്നത്. സുഹൃത്തിനൊപ്പമാണ് 20 കാരൻ മാർക്കറ്റിലെത്തിയത്.
ജഹാംഗിർപുരിയിലെ ഡി ബ്ലോക്കിലെ ക്ലിനിക്കിന് മുന്നിൽ വച്ചായിരുന്നു കൊലപാതകം. പെൺകുട്ടിയെ ഉടനേ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിൽ അക്രമിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. അന്വേഷണം ഊർജ്ജിതമെന്നാണ് പൊലീസ് വിശദമാക്കുന്നത്.