Banner Ads

ടൂറിസം കേന്ദ്രത്തിൽ നാണക്കേട്: വർക്കല ബീച്ചിൽ ഗ്രീസ് സ്വദേശിയായ റോബർട്ടിന് ക്രൂരമർദ്ദനം.

തിരുവനന്തപുരം:വർക്കല: വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ ഗ്രീസ് സ്വദേശിയായ റോബർട്ടിന് ക്രൂരമർദ്ദനമേറ്റു. ബീച്ചിലെ വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികളാണ് മർദ്ദിച്ചതെന്നാണ് പരാതി.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.കഴിഞ്ഞ ദിവസം റോബർട്ടിന് ബീച്ചിൽ വെച്ച് മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു.

ഇത് അന്വേഷിച്ച് ബീച്ചിൽ എത്തിയ വിദേശി പിന്നീട് കടലിൽ കുളിക്കാനായി ഇറങ്ങുകയായിരുന്നു.എന്നാൽ, വാട്ടർ സ്പോർട്സ് തൊഴിലാളികൾ ഇത് തടഞ്ഞതോടെ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ റോബർട്ടിനെ തൊഴിലാളികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കടലിലും മണലിലുമിട്ട് വലിച്ചിഴച്ച് മർദ്ദനം തുടർന്നു.

പോലീസ് എയ്ഡ് പോസ്റ്റിൻ്റെ തൊട്ടുമുന്നിലിട്ടും മർദ്ദനം തുടർന്നു. നാട്ടുകാർ ഇടപെട്ടതോടെയാണ് അക്രമിസംഘം പിൻമാറിയത്.മർദ്ദനമേറ്റ റോബർട്ടിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോബർട്ടിൻ്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പാപനാശം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.