
മലപ്പുറം : പൊലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി വീട്ടമ്മ. എസ് പി ആയിരുന്ന സുജിത്ത് ദാസിനും പൊന്നാനി എസ് എച്ച് ഒ ആയിരുന്ന വിനോദിനുമെതിരെയാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. രണ്ട് വർഷം മുമ്പാണ് സംഭവം നടന്നതെന്നാണ് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്നെ വലിയൊരു ബംഗ്ലാവിലേക്ക് കൊണ്ടുപോയി അവിടെ വച്ച് സുജിത്ത് ദാസ് ലൈംഗിഗമായി പീഡിപ്പിച്ചുമെന്നുമാണ് യുവതി ആരോപിച്ചിരിക്കുന്നത്.
സുജിത്ത് ദാസ് രണ്ട് തവണ പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്നാണ് തന്നോട് സുജിത്ത് ദാസ് പറഞ്ഞത്. രണ്ടാമത് പീഡനത്തിനിരയാക്കുന്ന സമയത്ത് വേറൊരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തി. പി വി അൻവർ എംഎല്‍എയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യങ്ങള്‍ എല്ലാം തുറന്നുപറയാൻ തീരുമാനിച്ചത് എന്നാണ് യുവതി പറഞ്ഞത്. കഴിഞ്ഞ ദിവസം പി വി അൻവർ എംഎൽഎയെ കണ്ട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നതായും യുവതി കൂട്ടിച്ചേർത്തു.
കുടുംബ സ്വത്തുമായി ബന്ധപ്പെട്ട പരാതി നല്കാൻ പൊലീസിനെ സമീപിച്ചപ്പോള്‍ വിനോദ് തന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് 2022ല്‍ യുവതി എസ് പിയായിരുന്ന സുജിത്ത് ദാസിന് പരാതി നല്‍കിയിരുന്നു. വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനായി എസ് പി പരാതി ഡി വൈ എസ് പി ബെന്നിക്ക് കൈമാറുകയും ചെയ്‌തു.
ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് പരാതിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ വിനോദിനെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് പറഞ്ഞ് എസ് പിക്ക് റിപ്പോർട്ട് നല്‍കുകയും ചെയ്തു. അതുകഴിഞ്ഞ് ഇപ്പോഴാണ് യുവതി ഗുരുതര ആരോപണം നടത്തിയിരിക്കുന്നത്. യുവതി വ്യാജ പരാതിയാണ് നൽകിയത് എന്നാണ് പൊലീസ് പറയുന്നത്.
യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ആരോപണ വിധേയർ പറയുന്നത്. എന്നാൽ , സുജിത്ത് ദാസ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സഹോദരനും കുട്ടിയുമൊത്ത് ഒരു സ്ത്രീ പരാതി നൽകാൻ എസ്പി ഓഫീസിലെത്തി. അവരുടെ സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ റിസപ്ഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.