
തിരുവനന്തപുരം : ശമ്പള പരിഷ്‌കരണ കുടിശിക ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരത്തിന്റെ ഭാഗമായി ഒപി ബഹിഷ്‌കരണത്തിനൊപ്പം ഇന്നു (വ്യാഴം) മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കാൻ സംഘടന തീരുമാനിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സമരത്തിന്റെ ഭാഗമായി ഒപി വിഭാഗം ബഹിഷ്‌കരിച്ചും അധ്യാപന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുമാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.
കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഇൻപേഷ്യന്റ് സേവനങ്ങൾ, പോസ്റ്റ്‌മോർട്ടം തുടങ്ങിയ അടിയന്തര വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിക്കും. സീനിയർ ഡോക്ടർമാർ വിട്ടുനിൽക്കുന്നതിനാൽ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരുമാണ് ഒപി വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 26 മുതൽ പരീക്ഷാ ജോലികൾ ഉൾപ്പെടെ ബഹിഷ്‌കരിച്ച് സമരം കൂടുതൽ ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.