ലണ്ടന്‍ : സാംസങ് എസ്24ല് ഉണ്ടാക്കിയ ഓളം കുറച്ചൊന്നുമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉൾപ്പെടെ അവര്‍ ഞെട്ടിച്ചിരുന്നു. ആപ്പിള്‍ ഐഫോണ്‍ 16 പുറത്തിറക്കിയതിന് ശേഷം സാംസങ്ങ് അവരുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എസ്25 സീരീസ് പുറത്തിറക്കാന്‍ പോവുന്നു. ആപ്പിളിന്റെ പുതിയ മോഡലിനെ ഈ സീരീസിലൂടെ മറികടക്കാന്‍ കൂടിയാണ് സാംസങ്ങിന്റെ പുതിയ ശ്രമം.
ജനുവരിയിൽ പുറത്തിറക്കുമെന്നാണ് സൂചനകൾ. എസ്25 സീരീസ് മൂന്ന് മോഡലുകള്‍ അടങ്ങുന്നതാണ്. ഗ്യാലക്‌സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്ര തുടങ്ങിയവയാണ് ഈ സീരീസില്‍ വരുന്നത്. സാംസങ്ങ് ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത് ഇവയുടെ നിര്‍മാണ ചെലവുകള്‍ കുറയ്ക്കാനാണ്.
സ്‌ക്രീനുകള്‍ക്കായി കമ്പനി ഉപയോഗിക്കാന്‍ പോകുന്നത് എം13 ഓര്‍ഗാനിക് മെറ്റീരിയലുകളാണ്. ഇതിലൂടെ നിര്‍മാണ ചെലവുകള്‍ കുറയ്ക്കാനായി സാംസങ്ങിനെ സഹായിക്കും. അതേസമയം ഏറ്റവും നൂതനമായ മെറ്റീരിയലുകളാണ് സാംസങ്ങ് ഉപയോഗിക്കുന്നതെന്ന് പറയാനാവില്ല.
ഗൂഗിളിന്റെ പിക്‌സല്‍ 9 പ്രൊ, ആപ്പിളിന്റെ ഐഫോണ്‍ 16 പ്രൊ തുടങ്ങിയവയില്‍ കൂടുതല്‍ നൂതനമായ എ14 മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതെല്ലാം നിര്‍മിച്ചിരിക്കുന്നത് സാംസങ്ങ് ഡിസ്‌പ്ലേയാണ്. എന്നാല്‍ സാംസങ്ങ് ഈ ഡിസ്‌പ്ലേ ഉപയോഗിക്കാനായി തയ്യാറല്ല. അവരുടെ ഏറ്റവും ഫ്‌ളാഗ്ഷിപ്പ് ഫോണില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാത്തത് ആരാധകരെയും നിരാശപ്പെടുത്തുന്നതാണ്.