Banner Ads

ശബരിമല: ആചാര സംരക്ഷണത്തിനായി എൻഎസ്എസ് വീണ്ടും; അടിയന്തര യോഗം വിളിച്ച് നിർണ്ണായക തീരുമാനങ്ങൾ എടുക്കും.

കോട്ടയം: ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടുകളും തീരുമാനങ്ങളും വിശദീകരിക്കുന്നതിനായി എൻഎസ്എസ് (NSS) അടിയന്തര യോഗം വിളിച്ചുചേർത്തു. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്താണ് യോഗം നടക്കുന്നത്.

എല്ലാ താലൂക്ക് യൂണിയൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം.ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ യോഗത്തിൽ വിശദീകരണം നൽകും.അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി. സുകുമാരൻ നായർ നടത്തിയ പ്രസ്താവനകളും സർക്കാർ അനുകൂല നിലപാടും സംഘടനയ്ക്കുള്ളിൽ തന്നെ ചില പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് അടിയന്തരയോഗം വിളിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞയാഴ്ച എൻഎസ്എസ് വാർഷിക പ്രതിനിധി സഭ നടന്നിരുന്നെങ്കിലും ഈ വിഷയങ്ങൾ അതിൽ ചർച്ചയായിരുന്നില്ല. എങ്കിലും, വാർഷിക പ്രതിനിധി സഭയ്ക്ക് ശേഷം “ശബരിമല വികസനവുമായി ബന്ധപ്പെട്ട് സർക്കാരിനൊപ്പമാണെന്ന നിലപാടിൽ മാറ്റമില്ല” എന്ന് സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സർക്കാർ അനുകൂല നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് ചില കരയോഗങ്ങൾ സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനറുകളുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് അടിയന്തര യോഗത്തിൻ്റെ പ്രസക്തി.