
കണ്ണൂർ : പയ്യാമ്പലം കടപ്പുറത്ത് കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. മരിച്ച മൂന്നുപേരും കർണാടക സ്വദേശികളാണ്. മൂവരും മെഡിക്കൽ വിദ്യാർഥികളാണ്. ബെംഗളൂരു സ്വദേശികളായ അഫ്‌നാൻ, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. കര്‍ണാടകയിൽ നിന്ന് വന്ന എട്ടംഗ സംഘത്തിൽ പെട്ടവരാണ് ഇവർ.
എല്ലാവരും പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു. രാവിലെ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്ന് പേർ തിരയിൽപ്പെടുകയായിരുന്നു. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് ഇവർ ഇറങ്ങിയത്. ഇവർക്ക് ഇവിടുത്തെ അപകട സാധ്യതയെ കുറിച്ച് അറിയില്ലായിരുന്നു.
തിരയിൽ പെട്ട രണ്ട് പേരെ സംഘാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ നില അതീവ ഗുരുതരമായിരുന്നു. മറ്റൊരാൾക്കുള്ള തിരച്ചിലിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു. നാട്ടുകാർ പലപ്പോഴും ഈ ഭാഗത്ത് കുളിക്കാനിറങ്ങുന്ന വിനോദസഞ്ചാരികളെ വിലക്കാറുണ്ടെങ്കിലും പലരും ഇത് അവഗണിക്കുന്നത് ഇത്തരം ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്.