Banner Ads

വാടകത്തർക്കം ഇനി ക്രിമിനൽ കുറ്റമല്ല; പിഴത്തുക കുത്തനെ കൂട്ടി കർണാടക സർക്കാർ

ബെംഗളൂരു : വാടക തർക്കങ്ങളെ ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കിക്കൊണ്ട് സുപ്രധാന ഭേദഗതികൾ വരുത്തി കർണാടക സർക്കാർ. അതേസമയം നിയമലംഘനങ്ങൾക്കുള്ള പിഴത്തുക 900 ശതമാനം മുതൽ 2,500 ശതമാനം വരെ കുത്തനെ വർധിപ്പിച്ചു.1999-ലെ കർണാടക റെന്റ് കൺട്രോൾ ആക്ടിലാണ് സംസ്ഥാന സർക്കാർ ഈ ഭേദഗതികൾ വരുത്താൻ തീരുമാനിച്ചത്.

കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ച ഭേദഗതികൾ ബെളഗാവിയിൽ നടക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ചെറിയ കുറ്റകൃത്യങ്ങൾക്ക് പിഴയും മുന്നറിയിപ്പും നൽകി കുറ്റവിമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ‘ജൻ വിശ്വാസ് ആക്ട്, 2025’- മായി സംസ്ഥാന നിയമം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

വാടകക്കാരുമായും വീട്ടുടമകളുമായും ബന്ധപ്പെട്ട തർക്കങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന ഒരു മാസം വരെയുള്ള തടവ് ശിക്ഷ ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.