
പത്തനംതിട്ട : യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പുതിയ പരാതിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിലപാട് വ്യക്തമാക്കി. പരാതി ലഭിച്ച ഉടൻ തന്നെ അത് പോലീസിന് കൈമാറിയ കെപിസിസി നിലപാടിനെ അദ്ദേഹം ന്യായീകരിച്ചു. സിപിഎം പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പോലീസിൽ പോലും എത്തിയിട്ടില്ല.
പീഡന പരാതികൾ പാർട്ടിക്കുള്ളിൽ ഒതുക്കി തീർത്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്. കോൺഗ്രസ് തല ഉയർത്തിയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസുകാർ ആരും ഇറങ്ങിയിട്ടില്ലെന്നും പരാതിയിൽ പോലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് പുറത്തു താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണ് രാഹുലിനെതിരെ ഗുരുതരമായ ആരോപണവുമായി ഇന്ന് ഉച്ചയോടെ രംഗത്തെത്തിയത്. സോണിയാ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനുമാണ് യുവതി ഇ-മെയിൽ വഴി പരാതി നൽകിയത്. ഒരു പരാതിയും രാഹുലിനെതിരെ കിട്ടിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞത് ശരിയല്ലെന്ന് യുവതി ഇ-മെയിലിൽ ചൂണ്ടിക്കാട്ടി.
ക്രൈംബ്രാഞ്ചും തന്നിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് യുവതി പറയുന്നു. യുവതിയുടെ മേൽവിലാസമില്ലാത്ത പരാതി കെപിസിസി നേതൃത്വം പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. രണ്ടാമതൊരു പരാതി കൂടി വന്നതോടെ കോൺഗ്രസ് കൂടുതൽ വെട്ടിലാവുകയും രാഹുലിനെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുകയും ചെയ്തിട്ടുണ്ട്.