Banner Ads

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു.

ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. പുതിയ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ, എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. എന്നാൽ, ഇത് നാണംകെട്ട ആഹ്വാനമാണെന്ന് ബിജെപി പ്രതികരിച്ചു. വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്.

മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം. എൻഡിഎയും ഇന്ത്യ സഖ്യവും തങ്ങളുടെ എംപിമാർക്ക് മോക്ക് വോട്ടിംഗ് വഴി പരിശീലനം നൽകിയിരുന്നു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിജു ജനതാദളും ബിആർഎസും അറിയിച്ചിട്ടുണ്ട്.

എൻഡിഎയിൽ നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ ബിജെപി കർശന നിരീക്ഷണം നടത്തുന്നുണ്ട്. എൻഡിഎയ്ക്ക് പിന്തുണ തുടരുമെന്ന് വൈഎസ്ആർ കോൺഗ്രസ് വ്യക്തമാക്കി. വൈകിട്ട് ആറുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമെന്നും എട്ടുമണിയോടെ ഫലം അറിയാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.