
തൃശ്ശൂർ മാളയിൽ മദ്യലഹരിയില്‍ കാർ അമിതവേഗത്തില്‍ ഓടിച്ച സംഭവമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വന്നിട്ടുണ്ട്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ IPS ആണ് ഈ ഉഉത്തരവിറക്കിയിയത്.ഇന്നലെ രാത്രി മദ്യലഹരിയില്‍ അനുരാജ് കാറുമായി അമിതവേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു ചെയ്തിരുന്നത്. ഇതിനെ തുടർന്ന് കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചു. പിന്നീട് ഇയാള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറാകാതെ പോയി.
ശേഷം മേലടൂരിൽ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിഞ്ഞു. ഇതിനെ തുടർന്ന് നാട്ടുകാർ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.ശേഷം സ്ഥലത്തെത്തിയ മാള പൊലീസ് അനുരാജിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ കാറില്‍ നിന്ന് മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല അനുരാജിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മാള പൊലീസ് അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് കേസെടുത്തു. അപകടത്തിൽ സ്‌കൂട്ടര്‍ യാത്രികന് പരുക്കേറ്റു.