
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലും കേരളത്തിന് സർവ ശിക്ഷാ അഭിയാൻ ഫണ്ട് നഷ്ടപ്പെടില്ലെന്ന് പ്രതീക്ഷ നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ പ്രാഥമിക ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും മന്ത്രി അറിയിച്ചു.
പിഎം ശ്രീ പദ്ധതിയിലെ സംസ്ഥാന നിലപാടിന്റെ പേരിൽ എസ്എസ്കെ ഫണ്ട് കേന്ദ്രം തടഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് മന്ത്രിയുടെ ആത്മവിശ്വാസം. ഒക്ടോബർ 29ന് ലഭിക്കേണ്ട ഫണ്ടിൻ്റെ ആദ്യ ഗഡു സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ചർച്ച നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഡൽഹിക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
നവംബർ 10ന് ഡൽഹിയിൽ നടക്കുന്ന തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി ചർച്ച നടത്താൻ ശ്രമിക്കും എന്നും മന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതിയിലെ അവ്യക്തതകൾ പരിഹരിക്കുന്നതിനായി താൻ അധ്യക്ഷനായ സബ് കമ്മിറ്റി നിലവിലുണ്ട്. സബ് കമ്മിറ്റി യോഗം ചേർന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കും. എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.