
കണ്ണൂർ : ഓണാഘോഷം കഴിഞ്ഞ് നാല് ദിവസമായിട്ടും യാത്രക്കാരുടെ തിരക്കിന് ഒരു കുറവുമില്ല. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെല്ലാം മടക്കയാത്രക്കാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ദീർഘദൂര ബസുകളുടെയും സ്ഥിതി സമാനമാണ്. ഓണവും നബിദിനവും ശ്രീനാരായണ ഗുരുജയന്തിയും ഒരുമിച്ചുവന്നതോടെയാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. അവധി ദിവസങ്ങള്‍ കൂടുതലുളളതിനാല്‍ പലരും യാത്ര മാറ്റി വച്ചിരുന്നു.
ഓണം കഴിഞ്ഞ അടുത്ത ദിവസങ്ങളില്‍ തിരക്കായിരിക്കുമെന്ന് കരുതി യാത്ര മാറ്റിവച്ചവരും വലഞ്ഞിരിക്കുകയാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിലേക്കും മംഗലാപുരം ഭാഗത്തേക്കും പോകുന്നവരാണ് കൂടുതല്‍. വിദ്യാർത്ഥികളും കൂടുതലാണ്. അവധികഴിഞ്ഞ് കേരളത്തിലെ കോളേജുകള്‍ തിങ്കളാഴ്ച തുറന്നെങ്കിലും മംഗലാപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ പല കോളേജുകളും വരും ദിവസങ്ങളിലാണ് തുറക്കുന്നത്.
കുടുംബസമേതം നാട്ടില്‍ ഓണം ആഘോഷിക്കാനെത്തിയവരും തിരിച്ച് പോകുന്ന തിരക്കിലാണ്. വലിയ ബാഗുകളും ലഗേജുകളുമാണ് ട്രെയിനകത്തെ തിരക്ക് വർധിപ്പിക്കുന്നത്. ലഗേജുകള്‍ കാരണം യാത്രക്കാർക്ക് അകത്ത് കടക്കാനാകാത്ത സ്ഥിതിയുമുണ്ട്.