
കണ്ണൂർ: സ്വകാര്യ ബസുകളുടെ അമിതവേഗതയും ഗതാഗത നിയമലംഘനങ്ങളും തടയാൻ പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്. ബസ് സർവീസ് നടത്തുന്ന ജില്ലയിലെ എൻഫോഴ്സ്മെൻ്റ് ആർടിഒയുടെ നമ്പർ ഡ്രൈവറുടെ സീറ്റിന് പിന്നിൽ പ്രദർശിപ്പിക്കും.
വാട്‌സാപ്പിലേക്ക് നിയമലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചുനൽകാം. ബസ് ഉടമയുടെ നമ്പറും ഉണ്ടാകും. ഉടമയോട് ഫോണിൽ വിളിച്ച് പരാതിപ്പെടാം. വാട്‌സാപ്പിൽ അയച്ചുകിട്ടുന്ന വീഡിയോകളുടെയും ചിത്രങ്ങളുടെയും ആധികാരികത ആദ്യം പരിശോധിക്കും.
തുടർന്ന് നിയമലംഘനം അനുസരിച്ച് പിഴയോ കടുത്തനടപടികളോ സ്വീകരിക്കുമെന്ന് മോട്ടോർവാഹനകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കും. വാർഷിക പരിശോധനയ്ക്ക് ബസ് എത്തിക്കുമ്പോൾ നമ്പറെഴുതിയ സ്റ്റിക്കറുകളും പതിപ്പിക്കും. ഇങ്ങനെ സ്റ്റിക്കറുകൾ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പതിപ്പിച്ചുതുടങ്ങിക്കഴിഞ്ഞു.