
കൊച്ചി : ബലാത്സംഗ കേസിൽ നാളെ വിധി വരാനിരിക്കെ വിചാരണ കോടതിയിൽ നടി നൽകിയ മൊഴി പുറത്ത്. നടൻ ദിലീപുമായി തനി ക്കുണ്ടായിരുന്ന പ്രശ്‌നങ്ങളും ആക്രമണത്തിന് മുമ്പ് നടന്ന ഗൂഢാലോചന ശ്രമങ്ങളുമാണ് മൊഴിയിലുള്ളത്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു.
2012ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇതേക്കുറിച്ച് തന്നോട് ചോദിച്ചു. കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞതായും അതിജീവിത മൊഴി നൽകിയിട്ടുണ്ട്. സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ല.
സിനിമയിലെ പലരും ദിലീപുമായുള്ള പ്രശ്നം പറഞ്ഞു തീർക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും മൊഴിയിൽ പറയുന്നു. അതിജീവിതയെ ബലാത്സംഗം ചെയ്യാൻ മുൻപ് ശ്രമം നടന്നിരുന്നെങ്കിലും നടന്നിരുന്നില്ല. 2017-ൽ ഗോവയിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നില്ല.
ജനുവരി മൂന്നിന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിയത് മുഖ്യപ്രതിയായ പൾസർ സുനിയായിരുന്നു.തുടർന്നുള്ള ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായി പ്രവർത്തിച്ചു. ബലാത്സംഗം ചെയ്യുന്നതിനായി വാഹനം തേടി ജനുവരി 3-ന് സുനിൽ സെന്തിൽ കുമാർ എന്നയാളെ വിളിച്ച വിവരങ്ങളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.