
ചപ്പാരപ്പടവ് : ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ വിറ്റ് ലാഭം കൊയ്യുകയാണ് ചപ്പാരപ്പടവിലെ കർഷക കൂട്ടായ്മ. തളിപ്പറമ്പ്-കൂർഗ് അതിർത്തി റോഡിലെ നാടുകാണിയിൽ താൽക്കാലിക പന്തൽ കെട്ടിയാണ് ഇവരുടെ നേരിട്ടുള്ള വിൽപ്പന.
കുറുമാത്തൂർ പഞ്ചായത്തിലെ പന്നിയൂർ വയലിൽ കൃഷി ചെയ്യുന്ന പന്നിയൂർ സ്വദേശികളായ ചന്ദ്രിക, സാഹിദ, നാരായണി, യശോദ, ഇബ്രാഹിം, കൃഷ്ണൻ എന്നിവരാണ് ഈ കർഷകർ. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് ഇവർ കൃഷി ചെയ്യുന്നത്. പയർ, വെള്ളരി, കക്കിരി, കുമ്പളം, മത്തൻ, ചേന തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ.
ഇവയെല്ലാം ജൈവ രീതിയിൽ വിളയിച്ചതാണെന്ന് കർഷകർ പറയുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൻതോതില്‍ പച്ചക്കറി എത്തിത്തുടങ്ങിയതോടെ മാർക്കറ്റില്‍ വില കുറഞ്ഞു. ഇതാണ് നേരിട്ടുള്ള കച്ചവടത്തിനിറങ്ങാൻ കാരണം. ഇടനിലക്കാരെ ഒഴിവാക്കുമ്പോൾ ന്യായ വിലയ്ക്ക് ആവശ്യക്കാർക്ക് കൊടുക്കുവാനും കഴിയുന്നുണ്ട്. കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പായി പ്രവർത്തിക്കുന്നതിനാല്‍ വായ്പ എടുത്താണ് കൃഷി ചെയ്യുന്നത്.
കഴിഞ്ഞ 10 വർഷമായി ഇവർ പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ടെങ്കിലും കോവിഡിന് ശേഷമാണ് നേരിട്ടുള്ള വിൽപ്പന തുടങ്ങിയത്. പയറിന് 50 രൂപയും കക്കിരി, വെള്ളരി, കുമ്പളം, മത്തൻ, ചേന എന്നിവയ്ക്ക് 30 രൂപയുമാണ് വില. വാഹനങ്ങള്‍ നിർത്തിയിടാനും മറ്റും സൗകര്യമുള്ള സ്ഥലമായതിനാല്‍ നല്ല കച്ചവടം ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.