
തിരുവനന്തപുരം:യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നെന്ന് മകൻ ചാണ്ടി ഉമ്മൻ.
നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളിൽ ഉമ്മൻ ചാണ്ടി സജീവമായി ഇടപെട്ടിരുന്നു. തന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കിടയിലും നിമിഷയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും വിഷയത്തിൽ സാധ്യമായ ഇടപെടലുകൾ നടത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു.
യെമനിൽ കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബത്തിന് ബ്ലഡ് മണി നൽകി നിമിഷയെ മോചിപ്പിക്കാനാണ് പ്രധാന ശ്രമം.നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം മുസ്ലിയാർ ഉൾപ്പടെ നിരവധി പേർ പ്രവർത്തിക്കുന്നുണ്ട്. ഗവർണറുടെ ഇടപെടലും വളരെ നിർണായകമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ, നിമിഷ പ്രിയയുടെ മോചനം യാഥാർത്ഥ്യമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.