Banner Ads

തിരുവല്ലയിൽ നിരണം ഇരതോടിന് സമീപം; വീടിനു തീ പിടിച്ചു

തിരുവല്ല : നിരണം ഇരതോടിന് സമീപം വാഴച്ചിറയിൽ സുഭാഷിന്റെ വീട് കത്തി എരിഞ്ഞപ്പോൾ മകൾ അർച്ചനയുടെ സ്വപ്‌നങ്ങളാണ് ചാമ്പലായത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഏക മകൾ അർച്ചന സുഭാഷ് മാന്നാർ നായർ സമാജം സ്‌കൂളിലെ ഫെയർവെൽ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. അർച്ചനയുടെ പത്താം ക്ലാസ് മോഡൽ പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും.

പാഠപുസ്തകങ്ങൾ എല്ലാം അഗ്നിക്കിരയായി. ഇത്രയും കാലം കുടുംബം സ്വരുക്കൂട്ടിയ മുഴുവൻ സമ്പാദ്യവും അഗ്നിയിൽ എരിഞ്ഞു. ആധാരം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള രേഖകളും നഷ്ടമായി. പെയ്ന്റിങ് തോഴിലാളിയായ സുഭാഷും, ഹരിപ്പാട് തുണക്കടയിൽ ജോലിചെയ്യുന്ന ഭാര്യ ഡി.ശ്രീജയും ഒരു മകളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്ന ആറര സെന്റിലെ രണ്ട് മുറി വീടും അടുക്കളയുമാണ് കത്തി നശിച്ചത്. മരപ്പലക കൊണ്ട് മറച്ച ഭിത്തിയും, ടിൻഷീറ്റുകൊണ്ടുള്ള മേൽക്കൂരയുമായിരുന്നു വീടിന്. ആദ്യം വീടിനുള്ളിൽ തീപടർന്നു പിന്നീട് ഗ്യാസ് കുറ്റിയും പൊട്ടിതെറിച്ചതോടെ വീട് പൂർണ്ണമായും എരിഞ്ഞമർന്നു. ഹരിപ്പാട്, തിരുവല്ല എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്നാണ് തീ അണച്ചത്. സമീപവാസികളായ കിഴക്കേപറമ്പിൽ കുടുംബം ഇവർക്കായി താൽക്കാലിക താമസ സൗകര്യം ഒരുക്കി.

Leave a Reply

Your email address will not be published. Required fields are marked *