
കൊച്ചി : ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ്. സർക്കാർ മോഹൻലാലിന് നൽകുന്ന സ്വീകരണ ചടങ്ങിന് ‘ലാൽ സലാം’ എന്ന് പേര് നൽകിയതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ലാൽ സലാം’ എന്നതിന് ‘ലാലിന് സലാം’ എന്നാണ് അർത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാൻ്റെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ‘ലാൽ സലാം’ എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ഹിന്ദി വാക്കാണെങ്കിലും ഇതിന് ചുവന്ന വന്ദനം അഥവാ ചുവപ്പൻ അഭിവാദ്യം (ഇംഗ്ലീഷിൽ റെഡ് സല്യൂട്ട്) എന്നാണ് യഥാർത്ഥ അർത്ഥം.
“ലാലിന് ചുവപ്പൻ അഭിവാദ്യം നേരുന്ന പാർട്ടി പരിപാടിയായി പൗര സ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സർക്കാരിനുള്ളത്,” അദ്ദേഹം കുറ്റപ്പെടുത്തി.