Banner Ads

ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ടു ; നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുന്നു വെന്ന് പരാതി യുവാവ് അറസ്റ്റില്‍

കോഴിക്കോട്:ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ടു നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുന്നു വെന്ന് പരാതി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം സ്വദേശി പുതുമന ഇല്ലത്തെ വിജേഷ് കുമാര്‍ നമ്പൂതിരിയെയാണ് (42)യെയാണ് കോഴിക്കോട് കസബ പോലീസ് പിടികൂടിയത്.

ട്രെയിന്‍ യാത്രക്കിടെയാണ് ഇയാള്‍ മാങ്കാവ് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി. എന്നാല്‍ പിന്നീട് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ഫേസ്ബുക്കിലും വാട്‌സാപ്പിലും പിന്തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്.

യുവതി മോശക്കാരിയാണെന്ന് ചിത്രീകരിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായും പരാതിയുണ്ട്. ശല്യം സഹിക്കാതെ വന്നപ്പോള്‍ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തൊടുപുഴ മണക്കാട് വെച്ചാണ് വിജേഷ് കുമാര്‍ പിടിയിലാകുന്നത്. മുൻപ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുള്ളതായി പോലീസ് അറിയിച്ചു .

കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍, സബ് ഇൻസ്പെക്ടർ സജീവ് കുമാര്‍, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലാല്‍ സി താര, വിപിന്‍ ചന്ദ്രന്‍, ദിലീപ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് വിജേഷ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.