
മലപ്പുറം : സംസ്ഥാനത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് അസം സ്വദേശികൾ മലപ്പുറത്ത് പിടിയിൽ. ഇവരിൽ നിന്ന് 333 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു. അസം നാഗോൺ സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹഖ് (31), റഷീദുൽ ഇസ്ലാം (32) എന്നിവരാണ് അറസ്റ്റിലായത്. സഞ്ചരിച്ചിരുന്ന ജീപ്പിൽ രഹസ്യ അറ നിർമ്മിച്ച് അതിലാണ് ഇവർ ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
അസമിൽ നിന്നുമാണ് പ്രതികൾ ഈ വൻ ലഹരിമരുന്ന് ശേഖരവുമായി പുറപ്പെട്ടത്. പല സംസ്ഥാനങ്ങളിലെയും പരിശോധനകൾ വെട്ടിച്ച് കേരളം വരെ എത്തിയെങ്കിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡിന്റെ ഓപ്പറേഷൻ തൂഫാൻ വലയിൽ കുടുങ്ങുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ വളാഞ്ചേരി – പട്ടാമ്പി റോഡിലെ കൊട്ടാരത്ത് വെച്ചായിരുന്നു പ്രതികൾ പിടിയിലായത്.
വളാഞ്ചേരി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരുടെ ജീപ്പ് തടഞ്ഞത്. അസമിൽ നിന്നും ജീപ്പിലെത്തിയെന്ന് പറഞ്ഞതോടെ വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. തിരൂർ ഡി വൈ എസ് പി എഎം സിദ്ദീഖ്,
നാർകോട്ടിക് സെൽ ഡി വൈ എസ് പി എൻഒ സിബി, വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ആനന്ദ് ബാബു, പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാർ, വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം നിർമ്മൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായാണ് ലഹരിവേട്ട നടത്തിയത്.