
മലപ്പുറം: രഹസ്യവിവരത്തെ തുടർന്ന് തിരൂരങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയിൽ, കൂൾ ബാർ കേന്ദ്രീകരിച്ച് അനധികൃതമായി മദ്യം വിറ്റുകൊണ്ടിരുന്ന ഒരാൾ അറസ്റ്റിലായി. ഊരകം പൂളപ്പീസ് കരിയാട് സ്വദേശി അപ്പുട്ടി (63) ആണ് പിടിയിലായത്.
കൂൾ ബാറിൽ ജ്യൂസ് കുടിക്കാനെന്ന വ്യാജേന നിരവധി പേർ എത്താറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ 39 കുപ്പികളിലായി പതിനെട്ടര ലിറ്റർ മദ്യം കണ്ടെത്തിയത്. സമാനമായ കുറ്റകൃത്യങ്ങൾക്ക് ഇയാൾക്കെതിരെ മുൻപും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.കെ. സൂരജിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ അരുൺ പാറോൽ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.