Banner Ads

പഠനം വിനോദമാക്കുന്നു: യുഎഇയിൽ പുതിയ അധ്യയന വർഷം 135 ദിവസം അവധി, 178 ദിവസം മാത്രം ക്ലാസ്

അബുദാബി:യു എ യിൽ സ്കൂൾ വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം കുട്ടികളുടെ സന്തോഷത്തിനും അവധികൾക്കും കൂടി പ്രാധാന്യം നൽകിക്കൊണ്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അധ്യയന കലണ്ടർ വിവരങ്ങൾ പുറത്തുവിട്ടു.

പുതിയ അധ്യയന വർഷം യു എ ഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് മൊത്തത്തിൽ 135 അവധി ദിനങ്ങളാകും ലഭിക്കുക. 313 ദിനങ്ങളാണ് യു എ ഇയിലെ ഒരു അക്കാദമിക്ക് വർഷം. അതിൽ 178 ദിവസം മാത്രമായിരിക്കും ഇനി ക്ലാസിൽ പോകേണ്ടിവരിക.

ബാക്കി 43 ശതമാനം ദിവസങ്ങളിലും വിവിധ അവധികളായിരിക്കും. പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം യു എ ഇയിൽ ഓഗസ്റ്റ് 25 ന് ക്ലാസ് ആരംഭിക്കും. ഡിസംബർ 8 ന് നാലാഴ്ചത്തെ വിന്‍റർ ബ്രേക്ക് എത്തും. ബ്രേക്ക് കഴിഞ്ഞ് ജനുവരി 5 നാകും ക്ലാസുകൾ വീണ്ടും തുടങ്ങുക.

ശേഷം മെയ് 15 ന് സ്പ്രിങ് ബ്രേക്ക് എത്തും. മാർച്ച് 29 വരെ അവധി. അതും കഴിഞ്ഞ് മാർച്ച് 30 ന് വീണ്ടും ക്ലാസുകൾ തുടങ്ങും. മൂന്നാം ടേം ജൂലൈ 3 ന് അവസാനിക്കും. ഷാർജയിലൊഴികെയാകും ഇത്. ഇതിനിടയിൽ കുട്ടികളുടെ പഠന സമ്മർദം കുറയ്ക്കാൻ ടേം ബ്രേക്കുകളും നൽകിയിട്ടുണ്ട്.