
ഒരു ഗ്രാമത്തെ സിനിമ കാണാൻ പഠിപ്പിച്ച ഒറ്റപ്പാലത്തെ സിനിമാ പ്രേമികളുടെ ഇഷ്ട കേന്ദ്രമായ ലക്ഷ്മി തീയേറ്ററിന് എന്നെന്നേക്കുമായി തിരശീല വീണു. റോഡ് വികസനത്തിന്റെ ഭാഗമായാണ് ഏഴുപതിറ്റാണ്ട് കാലം ഒറ്റപാലത്തിന്റെ മുഖശ്രീയായിരുന്ന ലക്ഷ്മി പികചർ പാലസ് അടച്ചുപൂട്ടിയത്.ഏഴു പതിറ്റാണ്ടിലേറെക്കാലം ഒരുപാട് തലമുറകൾക്ക് സിനിമ കാഴ്ചയുടെ ഹരമായി മാറിയ സാംസ്കാരിക കേന്ദ്രത്തിനാണ് എന്നെന്നേക്കുമായി തിരശീല വീണത്. കഴിഞ്ഞ ദിവസം അവസാന ഷോയും കഴിഞ്ഞ് പ്രൊജക്ടർ വെളിച്ചമണഞ്ഞു.
സിനിമക്കപ്പുറം ആളുകളുടെ ഒത്തുകൂടലിന്റെയും സന്തോഷത്തിന്റെയും ഇടം കൂടിയായിരുന്നു ലക്ഷ്മി തിയറ്റർ. 1954ൽ ഒറ്റപ്പാലത്തെ വ്യവസായികളായ ഇ.പി മാധവൻ നായരും സഹോദരൻ അച്യുതൻ നായരും ചേർന്നാണ് അമ്മ ലക്ഷ്മിയുടെ പേരിൽ ‘ലക്ഷ്മി പിക്‌ചർ പാലസ്’ സ്ഥാപിച്ചത്. പി ഒറ്റപ്പാലത്തെ ആദ്യത്തെ കോൺക്രീറ്റ് കെട്ടിടമായിരുന്നു ഈ തിയേറ്റർ. പേര് സൂചിപ്പിച്ചതുപോലെ അക്കാലത്ത് ഒരു പാലസ് തന്നെയായിരുന്നു.
പുതുമുഖ നടനായി സത്യൻ അഭിനയിച്ച ‘ആത്മസഖി’ മുതൽ മോഹൻലാലിന്റെ ‘തുടരും’ വരെ പ്രദർശിപ്പിച്ച ഈ തിയേറ്റർ അടച്ചുപൂട്ടുന്നത് നഗരവികസനത്തിന് വഴിമാറാൻ വേണ്ടിയാണ്. ഒറ്റപ്പാലം ബൈപാസ് പദ്ധതി കടന്നുപോകുന്നത് തിയേറ്റർ നിൽക്കുന്ന സ്ഥലത്തു കൂടിയാണ്.പദ്ധതിക്കായി എട്ട് സെൻ്റ് സ്ഥലം കൈമാറണം. ഇതോടെ കാർ പാർക്കിങ് ഏരിയ നഷ്‌ടമാകുമെന്നും പാർക്കിങ്ങിന് സ്ഥലമില്ലാതെ തിയറ്ററിന് പ്രവർത്തിക്കാനാകില്ലെന്നുമാണ് ഉടമ പി.എൻ ജയശങ്കർ പറയുന്നത്. 2018ൽ ചാരുബെഞ്ചും കസേരയുമെല്ലാം മാറ്റി ലക്ഷ്മി തിയറ്റർ മൾട്ടിപ്ലക്സ്സായി.
ബി ക്‌ളാസ് തിയറ്റർ ആയിരുന്നെങ്കിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സിനിമാ പ്രേമികളും നടീനടന്മാരും മറ്റും സിനിമ കാണാൻ ഒറ്റപ്പാലത്തെ ഈ പിക്ചർ പാലസിൽ എത്തുമായിരുന്നു. 1974ൽ ഷൊർണൂർ സ്വദേശി പി.കെ രാജന് തിയറ്റർ കൈമാറിയെങ്കിലും ലക്ഷ്മി എന്ന പേര് നിലനിർത്തി. രാജൻ്റെ മകൾ കയറാട്ട് ബീനയും ഭർത്താവ് പി.എൻ ജയശങ്കറുമാണ് ഇക്കാലമത്രയും ലക്ഷ്മി തിയറ്റർ നടത്തിപ്പോന്നത്