
തിരുവനന്തപുരം : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം നേടി. 2025 സെപ്റ്റംബർ 8-നാണ് 10.19 കോടി രൂപയുടെ റെക്കോർഡ് വരുമാനം കെഎസ്ആർടിസിക്ക് ലഭിച്ചത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
2024 ഡിസംബർ 23-ന് ശബരിമല സീസണിൽ നേടിയ 9.22 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം. ചരിത്ര നേട്ടം കൈവരിച്ചതിൽ മന്ത്രി ജീവനക്കാർക്ക് നന്ദി അറിയിച്ചു. “ഇപ്പോൾ നമ്മൾ നേടിയില്ലെങ്കിൽ പിന്നെ എപ്പോഴാണ്. എന്റെ പ്രിയപ്പെട്ട ജീവനക്കാർക്ക് നന്ദി, അഭിനന്ദനങ്ങൾ” മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സർവ്വകാല റെക്കോഡ്. 4607 ബസ്സുകൾ സർവീസ് നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. മുൻ റെക്കോർഡ് നേടിയ ദിവസം 4567 ബസ്സുകളാണ് സർവീസ് നടത്തിയത്. കെഎസ്ആർടിസി സിഎംഡി ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു.