
തിരുവനന്തപുരം : ചൂടിൽ വെന്തുരുകി കേരളം. അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.
ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും കൂടുന്നത് മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് കാരണമാകും. കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചസമയത്ത് നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. സൂര്യാഘാതം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.