കൊച്ചി : ചലച്ചിത്ര നിർമ്മാതാവ് രഞ്ജിത്തിനെതിരെ കേരള പോലീസ് എഫ്.ഐ.ആർ ഫയൽ ചെയ്‌തു. സംവിധായകനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. 2009 ൽ പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചതിന് ശേഷമാണ് രഞ്ജിത് നടിയെ ലൈംഗികമായി സ്പർശിച്ചത് എന്നായിരുന്നു ഈമെയിലിലൂടെ നടി പോലീസിന് അയച്ച പരാതി. ഐപിസി സെക്ഷൻ 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് ശ്രീലേഖ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
വർഷങ്ങൾക്ക് മുൻപ് ഒരു സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതിനിടെ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. മോശം പെരുമാറ്റത്തെ തുടർന്ന് പ്രോജക്ടിന്റെ ഭാഗമാകാൻ വിസമ്മതിക്കുകയും കൊൽക്കത്തയിലേക്ക് മടങ്ങുകയും ചെയ്തുവെന്നാണ് നടി വെളിപ്പെടുത്തിയത്. സിനിമയിലെ മറ്റ് സ്ത്രീകളോട് അദ്ദേഹം ഈ രീതിയിലാണോ പെരുമാറുന്നതെന്ന് എനിക്കറിയില്ല. ഇതുപോലത്തെ സാഹചര്യം അവർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരാണ് എന്നും നടി പറഞ്ഞു. ആരോപണത്തെ തുടർന്ന് രഞ്ജിത് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചിരുന്നു.