
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓൺലൈൻ മാധ്യമപ്രവർത്തകനും റെഡ്പിക്സ് യൂട്യൂബ് ചാനൽ എഡിറ്ററുമായ ഫെലിക്സ് ജെറാൾഡിന് ജാമ്യം ലഭിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.ദുരന്തത്തെക്കുറിച്ച് ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കോടതി ഫെലിക്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച വീഡിയോയുടെ പേരിലാണ് സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയായ ഫെലിക്സ് ജെറാൾഡിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.അപകടത്തിന് കാരണം താനാണെന്ന ടിവികെയുടെ ഹൈക്കോടതിയിലെ ആരോപണങ്ങൾ ബാലാജി അവഗണിച്ചു. അതേസമയം, അദ്ദേഹം ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കുകയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം കൈമാറുകയും ചെയ്തു.
അന്വേഷണംസംഭവവുമായി ബന്ധപ്പെട്ട് നിലവിൽ അറസ്റ്റിലായ ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം നീക്കം ആരംഭിച്ചു. തെളിവെടുപ്പും തുടർ നടപടികളും ബാക്കിയാണ്.പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടിവികെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവർ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതിനാൽ കോടതി തീരുമാനം വരെ പോലീസ് കാക്കുമോ എന്നത് ശ്രദ്ധേയമാണ്.
ജസ്റ്റിസ് അരുണ ജഗദീശൻ അധ്യക്ഷനായ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. കമ്മീഷൻ താമസിയാതെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. കരൂരിൽ എത്തിയ ബിജെപി പ്രതിനിധി സംഘം, ദുരന്തത്തിന്റെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ സുപ്രീംകോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.