Banner Ads

കണ്ണൂരിന്റെ ചീത്തപ്പേര് മാറ്റണം; രാഷ്ട്രീയ അതിക്രമങ്ങളുടെ നാടെന്ന ദുഷ്‌പേര്, ജനങ്ങളും പോലീസും ചേർന്ന് മാറ്റണമെന്ന് ഹൈക്കോടതി

കണ്ണൂർ : കണ്ണൂരിനെ രാഷ്ട്രീയ അതിക്രമങ്ങളുടെ കേന്ദ്രം എന്ന ദുഷ്‌പേരിൽ നിന്ന് മോചിപ്പിക്കാൻ ജനങ്ങളും പോലീസും ചേർന്ന് ശ്രമിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജികളിൽ ഭൂരിഭാഗവും കണ്ണൂരിൽ നിന്നുള്ളതായിരുന്നു. കണ്ണൂരുകാർ ആതിഥ്യമര്യാദ ഉള്ളവരും സന്ദർശകരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കാണുന്നവരുമാണ്. ശക്തമായ സാമൂഹിക ബന്ധങ്ങളിലാണ് അവിടത്തെ കുടുംബങ്ങൾ നിലനിൽക്കുന്നത്.

2011 സെൻസസ് പ്രകാരം കണ്ണൂർ ജില്ലയിലെ സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്. എന്നിട്ടും എന്തുകൊണ്ടാണ് കണ്ണൂരിനെ രാഷ്ട്രീയ അക്രമങ്ങളുടെ നാടായി കേരളീയർ കരുതുന്നതെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ചോദിച്ചു. അതീവ സംഘർഷ സാധ്യതാ ബൂത്തുകളിൽ (ഹൈപ്പർ സെൻസിറ്റീവ്, സെൻസിറ്റീവ് ബൂത്തുകൾ) സംസ്ഥാന പോലീസ് മേധാവിയും ജില്ലാ പോലീസ് മേധാവിയും തത്സമയ ലൈവ് വെബ്‌കാസ്റ്റിങ്ങിന് സൗകര്യമൊരുക്കണം.

ഇത്തരം ബൂത്തുകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കണം. ഏതെങ്കിലും ബൂത്തുകളിൽ വിഡിയോഗ്രഫി ആവശ്യമുള്ള ഹർജിക്കാർക്ക് 3 ദിവസത്തിനുള്ളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപേക്ഷ നൽകാം. അപേക്ഷകരുടെ ചെലവിൽ വിഡിയോഗ്രഫിക്ക് അനുമതി നൽകാം. ഭീഷണി ഭയക്കുന്ന സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് 3 ദിവസത്തിനുള്ളിൽ ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നൽകാം. നിയമപ്രകാരം അവർക്ക് സംരക്ഷണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.