Banner Ads

റൗഡി ലിസ്റ്റിലുള്ള കൗൺസിലർ ആർ സുഗതന്; സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം

തിരുവനന്തപുരം : തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലറും ബിജെപി നേതാവുമായ ആർ സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

ജൂലൈ 13 വൈകിട്ട് 5 മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാൻ കോടതി സമയം അനുവദിച്ചിരിക്കുന്നത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് സുഗതന് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വവും കോടതിയെ സമീപിച്ചിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ ഈശ്വരനാമത്തിലോ സഗൗരവമോ അല്ലാതെ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് അംഗത്വം അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സുഗതനെതിരെ നിരവധി ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.