ഇടുക്കി: മൂന്നാറിലെത്തിയ ഗതാഗത മന്ത്രിക്ക് കരിങ്കൊടി കാണിച്ച ടാക്സി വാഹനങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് കണ്ടെത്തിയത് എട്ടു ലക്ഷം രൂപയുടെ നിയമലംഘനങ്ങൾ. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് സംഘം നാലു ദിവസം കൊണ്ട് ഈടാക്കിയത് എട്ടു ലക്ഷം രൂപ. നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തത് 300 കേസാണ്. ഇൻഷ്വറൻസ്, ടാക്സ്, ഫിറ്റ്നെസ് തുടങ്ങിയവ ഇല്ലാത്ത ഒട്ടേറെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.
മതിയായ രേഖകൾ ഇല്ലാത്ത 20 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ തുടർച്ചയായ നാലു ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ട് ടീമുകളുടെ പരിശോധന കർശനമാക്കിയതോടെ ഡ്രൈവർമാർ ശരിക്കും വലത്തും. ട്രിപ്പ് ജീപ്പ് സർവീസുകൾക്കും മറ്റും നിർദ്ദേശിക്കുന്ന മുറയ്ക്കുള്ള ആളെണ്ണം അല്ല പല വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് രണ്ടു ദിവസം നടത്തിയ വാഹന പരിശോധനയിൽ തന്നെ 174 കേസുകൾ ചാർജ് ചെയ്തു. 387750 രൂപ പിഴ ചുമത്തി. ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് ഇല്ലാത്തത്, മീറ്റർ ഇല്ലാത്ത ഓട്ടോകൾ, രൂപമാറ്റം വരുത്തിയത്, പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയത് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കാണ് കേസെടുത്ത് പിഴ ചുമത്തിയത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നാർ മേഖലയിൽ മാത്രം നടത്തിയ പരിശോധനയിലാണ് ഇത്രയധികം നിയമ ലംഘനം കണ്ടെത്തിയത്. ഇടുക്കി ആർടിഒ പി.എം. ഷബീർ, എൻഫോഴ്സ്മെൻ്റ് ആർടിഒ കെ.കെ.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കി, തൊടുപുഴ, ദേവികുളം മോട്ടോർ വാഹന ഓഫിസുകളിലെ ഉദ്യോഗസ്ഥർ ആണ് പരിശോധന നടത്തുന്നത്. പരിശോധന തുടരുകയാണെന്നും ഓരോ ദിവസത്തെയും പരിശോധന റിപ്പോർട്ടുകൾ ഗതാഗത മന്ത്രിക്ക് സമർപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ച മൂന്നാറിൽ പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഗണേഷ് കുമാറിനെ, ബസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഓട്ടോ ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു.