തൃശൂർ: കിഴക്കേ സമൂഹമഠം റോഡിലാണ് കാന നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ കഴിഞ്ഞ 19ന് നഗരസഭ ആരോഗ്യ വിഭാഗത്തെ സമീപിച്ചതായിരുന്നു . എന്നാൽ നഗരസഭയുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല എന്ന് കൗൺസിലർ പറഞ്ഞു.ക്ഷേത്രത്തിന് 50 മീറ്റർ മാത്രം ദൂരമുള്ള ഈ വഴിയിലൂടെ ദുർഗന്ധം വമിച്ച് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
സമീപത്തെ ഹോട്ടലുകളിൽനിന്നും ലോഡുകളിൽ നിന്നുമുള്ള ശുചിമുറി മാലിന്യം കാനയിലേക്ക് ഒഴുക്കുന്നതായും കൗൺസിലർ ആരോപിച്ചു.കാന നിറഞ്ഞ് മാലിന്യംപുറത്തേക്ക് കോരിയിട്ടു. ഇതോടെ ക്ഷേത്ര പരിസരത്ത് ദുർഗന്ധം രൂക്ഷമായി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ബി.ജെ.പി. പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പിന്നീട് തൊഴിലാളികൾ മാലിന്യം നീക്കം ചെയ്തു. ഈ അവസരത്തിൽ നഗരസഭാ നോക്കുകുത്തിയാണെന്നും ശോഭ ആരോപിച്ചു.
അനുമതിയില്ലാതെ കാന പൊളിച്ച് മാലിന്യം വൃത്തിയാക്കിയവർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ടും പരിഹരിക്കാത്ത ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കണം. ഇക്കാര്യങ്ങളിൽ നഗരസഭ അലംഭാവം തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കൗൺസിലർ പറഞ്ഞു.