
തിരുവനന്തപുരം: സംസ്ഥാന ശിശുഷേമ സമിതി സർക്കാരിൻറെ പിൻബലത്തിൽ തലസ്ഥാനത്തെ തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതലിനായി ഒരു മാസത്തിനിടയിൽ എത്തിചേർന്നത് ആറ് നവജാത ശിശുക്കളാണ്.ചൊവ്വാഴ്ച രാത്രി 7.30 നായിരുന്നു 2.480 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്ന പെൺകുഞ്ഞ് സമിതിയുടെ പരിചരണാർത്ഥം ഏറ്റവും ഒടുവിലായി എത്തിയത്. ഈ ദിവസം തന്നെ മറ്റൊരു പെൺകുഞ്ഞിനെ കൂടി ലഭിച്ചു.മറ്റൊരു കാര്യം ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ആറാമത്തെ കുട്ടിയും അതുപോലെ നാലാമത്തെ പെൺകുട്ടിയുമാണ് എത്തിച്ചേർന്ന പുതിയ അതിഥി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി കുഞ്ഞിന് തൂലിക എന്ന പേര് നൽകിയതായി അറിയിച്ചു.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലഭിച്ച കുഞ്ഞുങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ തുളസി, നിർമ്മൽ, വാമിക, തെന്നൽ, അലിമ എന്നിങ്ങനെയാണ്.തിരുവനന്തപുരത്തെ അമ്മത്തൊട്ടിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ എത്തിച്ചേരുന്നത്.ശിശുക്ഷേമ സമിതി അധികൃതർ വ്യക്തമാക്കുന്നത് ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകികൊണ്ട് സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നാണ്. കഴിഞ്ഞ 19 മാസത്തിനിടയിലെ കാലയളവിൽ സമിതി 130 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്.
മാത്രമല്ല അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ കുരുന്നുകൾക്കെല്ലാം തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധനകളും നടതുന്നുണ്ട്.തൂലിക എന്ന പെൺകുഞ്ഞ് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 621ാമത്തെ കുട്ടിയും 2025-ൽ ലഭിക്കുന്ന 6ാമത്തെ കുട്ടിയുമാണ്.തൂലിക, അലിമ എന്നിവരുടെ ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുഞ്ഞുങ്ങളുടെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്നാണ് ജനറൽ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.