Banner Ads

കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; കൊലപാതക വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചു.

കൊല്ലം: കൊല്ലം പുനലൂരിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് (45) കൊല്ലപ്പെട്ടത്. പ്രതിയായ ഐസക്, കൊലപാതക വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷമാണ് പോലീസിൽ കീഴടങ്ങിയത്.

ഭർത്താവിൻ്റെ ശല്യം കാരണം ശാലിനി കുറച്ചുകാലമായി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരു സ്കൂളിൽ ആയയായി ജോലി ചെയ്യുന്ന ശാലിനി രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കൊലപാതകം നടന്നത്. ഈ സമയത്ത് കൂടെയുണ്ടായിരുന്ന മക്കളിലൊരാൾ നിലവിളിച്ചതിനെ തുടർന്ന് പരിസരവാസികൾ ഓടിയെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊലപാതകത്തിനു ശേഷം ഐസക് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. “ഞാൻ എൻ്റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിൻ്റെ കാരണം വീട്ടിലുണ്ടായിരുന്ന സ്വർണം എടുത്തതും എൻ്റെ വാക്കുകൾ അനുസരിക്കാത്തതുമാണ്.

എനിക്ക് രണ്ട് മക്കളുണ്ട്, ഒരാൾ ക്യാൻസർ രോഗിയാണ്. അവൾക്ക് ആഡംബര ജീവിതം നയിക്കണം. അതുകൊണ്ട് അവൾ അമ്മയോടൊപ്പം താമസിക്കുകയാണ്. ധിക്കാരപരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തും മാറിമാറി പോകുന്നു. അതിൻ്റെ ആവശ്യം എൻ്റെ ഭാര്യക്കില്ല,” ഐസക് വീഡിയോയിൽ പറയുന്നു.