Banner Ads

മനുഷ്യത്വം മരിച്ചിട്ടില്ല! കുഴഞ്ഞുവീണ യുവാവിന് തുണയായി കോട്ടയത്തെ ബസ് ജീവനക്കാർ

കോട്ടയം: യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവിന് രക്ഷകരായി കോട്ടയത്തെ സ്വകാര്യ ബസ് ജീവനക്കാർ. വടയാർ ഭൂതങ്കേരില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തുറയില്‍സ്വദേശി എസ്. സനീഷിനാണ് (39) വന്ദന ബസിലെ ജീവനക്കാരായ കണ്ടക്ടർ വി.ടി. വിനായകന്റെയും ഡ്രൈവർ ലൈസൺ കെ. സൈമണിന്റെയും അവസരോചിതമായ ഇടപെടൽ തുണയായത്.

വ്യാഴാഴ്ച രാവിലെ 9 മണിയോടെ വടയാറിൽ നിന്ന് ബസിൽ കയറിയ സനീഷിന് പെട്ടെന്ന് ശ്വാസതടസ്സമുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ കണ്ടക്ടർ അടുത്തുള്ള ആശുപത്രിയിലേക്ക് ബസ് വിടാൻ ഡ്രൈവർക്ക് നിർദേശം നൽകി.

ആദ്യം തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു ക്ലിനിക്കിൽ എത്തിച്ചെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ലായിരുന്നു. തുടർന്ന് ബസ് വീണ്ടും ഒന്നര കിലോമീറ്റർ അകലെയുള്ള തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പാഞ്ഞു. പ്രധാന സ്റ്റോപ്പുകളിലൊന്നും നിർത്താതെയാണ് ബസ് ആശുപത്രിയിലെത്തിയത്.

ബസ് ജീവനക്കാരും ബസിലുണ്ടായിരുന്ന പോളിടെക്നിക് വിദ്യാർത്ഥികളും ചേർന്ന് സനീഷിനെ ആശുപത്രിയിലെത്തിച്ചു. അപസ്മാര ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഡോ. കാതറിൻ റീത്ത ഡേവീസും നഴ്സ് രാഖിയും ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. സനീഷിന് ബോധം വന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ജീവനക്കാരും യാത്രക്കാരും യാത്ര തുടർന്നത്.

തിരക്കുള്ള സമയമായിരുന്നിട്ടും തുടർ സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റാതെ ബസ് കോട്ടയത്തേക്ക് യാത്ര തുടർന്നു. പിന്നീട് ആശുപത്രി അധികൃതർ സനീഷിനെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കടുത്തുരുത്തിയിലുള്ള സുഹൃത്തിനെ കാണാനാണ് മകൻ പോയതെന്ന് സനീഷിന്റെ അച്ഛൻ സദാശിവൻ പറഞ്ഞു.