Banner Ads

പത്തനംതിട്ടയിൽ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു; പ്രതിരോധ നടപടികൾ ചോദ്യചിഹ്നം.

പത്തനംതിട്ട: പത്തനംതിട്ട മണ്ണാറമല സ്വദേശിനിയായ 65 വയസ്സുള്ള കൃഷ്ണമ്മ പേ വിഷബാധയേറ്റ് മരിച്ചു. സെപ്റ്റംബർ ആദ്യവാരമാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അവർ വാക്സിൻ സ്വീകരിച്ചിരുന്നുവെങ്കിലും നായ ആക്രമിച്ചപ്പോൾ നിലത്തുവീഴുകയും മുഖത്ത് കടിയേൽക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1.65 ലക്ഷം ആളുകൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇതിൽ 17 പേർ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, പേവിഷബാധ മൂലമുള്ള മരണങ്ങൾ തടയുന്നതിനായി ഒരു കർമ്മസേനയ്ക്ക് രൂപം നൽകണമെന്ന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി.

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോണിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ, ഇതിനാവശ്യമായ പദ്ധതി രൂപരേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകാനായി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ/കമ്മിറ്റിയുടെ സേവനം അത്യാവശ്യമാണെന്നും, ഇതിന്റെ പ്രവർത്തനം തുടരുന്നുണ്ടോയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം ഇത് സംബന്ധിച്ച വിശദീകരണം കമ്മീഷന് സമർപ്പിക്കണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ്, പേവിഷബാധ മരണങ്ങൾക്ക് കടിഞ്ഞാണിടാനും തെരുവുനായ ശല്യം അമർച്ച ചെയ്യാനുമുള്ള അടിയന്തര നടപടികൾക്ക് കമ്മീഷൻ തുടക്കമിട്ടത്.