
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സവായ് മാൻ സിങ് (എസ്.എം.എസ്) ആശുപത്രിയിലെ ട്രോമ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു.) കഴിഞ്ഞ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
തീപിടിത്തം ഉണ്ടാകുന്ന സമയത്ത് 11 രോഗികൾ ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നു. തീ പടർന്നതിനെ തുടർന്ന് ആശുപത്രിയിൽ പുക നിറഞ്ഞതോടെ രോഗികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു. പുക ശ്വസിച്ചാണ് മിക്ക ആളുകളും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ട്രോമ സെന്ററിലെ ഐ.സി.യു ഉപകരണങ്ങൾ, രേഖകൾ, രക്ത സാമ്പിൾ ട്യൂബുകൾ തുടങ്ങിയ വസ്തുക്കൾ തീപിടിത്തത്തിൽ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നും പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്നു. തൊട്ടടുത്ത ഐ.സി.യുവിൽ ഉണ്ടായിരുന്ന 14 രോഗികൾ സുരക്ഷിതരാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.