
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് തിരുവനന്തപുരത്തെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കി. അതിരാവിലെ സ്കൂളുകളിലേക്ക് പോയ കുട്ടികൾക്ക് അവധി പ്രഖ്യാപനം വന്നതോടെ തിരികെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.
കളക്ടറുടെ പ്രഖ്യാപനം വൈകിയതിനാൽ പല സ്കൂൾ ബസ്സുകളും പുറപ്പെട്ടതിന് ശേഷമാണ് വിദ്യാർത്ഥികൾ അവധിയെക്കുറിച്ച് അറിഞ്ഞത്. രാത്രി മുഴുവൻ കനത്ത മഴ പെയ്തിട്ടും, വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലിന് ശേഷം മാത്രമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നുവെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും പറയുന്നു.
കനത്ത മഴയെത്തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്ടർ അറിയിച്ചു. തലസ്ഥാനത്ത് മഴ ഇപ്പോഴും തുടരുകയാണ്