
മസ്കറ്റ്: ഒമാനിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദോഫാർ, ശർഖിയ, അൽ വുസ്ത ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യത.
കടൽപ്രക്ഷുബ്ധമാകുന്നതിനും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദ്ദേശമുണ്ട്. ഓഗസ്റ്റ് 21 വരെയാണ് മഴയ്ക്ക് സാധ്യത. അൽ വുസ്ത, ദോഫാർ, തെക്കൻ അൽ ശർഖിയ, വടക്കൻ അൽ ശർഖിയ, അൽ ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവയെയാണ് സാരമായി ബാധിക്കുക.
വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴക്കും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ചില താഴ്വാരങ്ങളിൽ വെള്ളം കയറാൻ സാധ്യത. കാറ്റിനൊപ്പം അറബികടലിലും ഒമാൻ തീരങ്ങളിലും കടൽപ്രക്ഷുബ്ധമാകും.തിരമാലയുടെ ഉയരം 4 മീറ്റർ വരെ എത്തുമെന്നും മുന്നറിയിപ്പ്.
യാത്രക്കാരും , വാഹനമോടിക്കുന്നവരും കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു. അധിക ജാഗ്രതയും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ അനുസരിക്കലും നിർബന്ധമാണെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.