
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഇരുന്നൂറോളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് വെള്ളിയാഴ്ച എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. രാഹുൽ മോശമായി പെരുമാറിയെന്ന് സ്ത്രീകൾ പരാതികൾ ഉന്നയിച്ച സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പാലക്കാട് കോട്ടമൈതാനത്തുനിന്ന് ആരംഭിച്ച മാർച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്കുള്ള വഴിയിൽവെച്ച് ആദ്യം ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, ഇത് വകവെയ്ക്കാതെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് എംഎൽഎയുടെ ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നേരത്തേ ആരോപണങ്ങളിൽ അടിപതറി വ്യാഴാഴ്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചിരുന്നു. രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങളോട് മുഖംനോക്കാതെ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞ് ഒരു മണിക്കൂറിനകമായിരുന്നു രാജിപ്രഖ്യാപനം